‘പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐയെക്കൊണ്ട് കൊടികുത്തിക്കും’; 10 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് സി.പി.എം കൗൺസിലർ, തെളിയിച്ചാൽ രാജിയെന്ന് മറുപടി

Estimated read time 0 min read

തിരുവനന്തപുരം: വസ്തു വാങ്ങിയ വ്യക്തിയോട് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സി.പി.എം കൗൺസിലർക്കെതിരെ ഗുരുതര ആരോപണം. തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ട് ഭൂമിയിൽ കൊടികുത്തിക്കുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ, വീഡിയോ ദൃശ്യങ്ങളും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ കൗൺസിലർ അജിൻ പൂർണ്ണമായും തള്ളി. ആരുടെയെങ്കിലും കയ്യിൽ നിന്നും ഒരു രൂപയെങ്കിലും താൻ കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ ഈ നിമിഷം തന്നെ രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സംഭവത്തിൽ കൗൺസിലർ രാജിവെച്ച് നിയമനടപടി നേരിടണമെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു. അധികാരം ദുർവിനിയോഗം ചെയ്ത് വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ദൃശ്യങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പ്രതികരിച്ചു. അജിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ വിജിലൻസ് മേധാവിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ധാർമ്മികമായോ നിയമപരമായോ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours