ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മിത് മച്ഛാറിന്റെ ധീരത മാതൃകാപരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. മച്ഛാറിന്റെ അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെക്കാൻ തയ്യാറാകുന്നവരാണ് ഇന്ത്യക്കാരെന്ന് ലോകത്തിന് മുന്നിൽ അഭിമാനത്തോടെ പറയാൻ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണത്തിനിടെ വികാരാധീനനായ മച്ഛാർ, പ്രധാനമന്ത്രിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഈ ഫോൺകോളിൽ അതിയായ അഭിമാനമുണ്ടെന്നും പ്രതികരിച്ചു.
“എനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എങ്കിലും എഴുന്നേൽക്കണമെന്നും പ്രതിരോധിക്കണമെന്നും ഞാൻ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം ജീവന് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഞാൻ. താഴെ വീണുപോയ ഞാൻ തിരികെ എഴുന്നേറ്റില്ലെങ്കിൽ മരിച്ചുപോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,” സ്മിത് മച്ഛാർ ആ നിമിഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. 17 വർഷത്തെ ഫ്ലൈയിങ് അനുഭവവും 11 വർഷമായി ക്യാപ്റ്റനായുമുള്ള തനിക്ക് കണ്ണടച്ചാൽ പോലും വിമാനത്തിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. എങ്ങനെയെങ്കിലും കോക്പിറ്റിന്റെ വാതിൽ തുറക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും, വാതിൽ തുറന്നതോടെ യാത്രക്കാർ അകത്തേക്ക് ഇരച്ചുകയറി സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുതരമായി പരിക്കേറ്റ സ്മിത് മച്ഛാർ നിലവിൽ യു.എ.ഇയിൽ ചികിത്സയിലാണ്. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ഇരു പൈലറ്റുമാർക്കും മതിയായ ചികിത്സ ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.




+ There are no comments
Add yours