മദനപ്പള്ളി: ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിൽ നിർദ്ദിഷ്ട ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിനും (ISA) മറ്റ് കാർഷിക സംരംഭങ്ങൾക്കും റിലയൻസിന്റെ സമ്പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. തന്നെ ആന്ധ്രയുടെ സ്വന്തം മകനായി കണക്കാക്കണമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി സാധ്യമായ എല്ലാ രീതിയിലും പിന്തുണ നൽകുമെന്നും അദ്ദേഹം മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് അഭ്യർത്ഥിച്ചു. അന്നമ്മയ്യ ജില്ലയിൽ ഒരു ലക്ഷം കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ആഗോള ഹോർട്ടികൾച്ചർ ഹബിന്റെയും ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെയും തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലയൻസിനെ വിശ്വസിച്ച് ഈ ചരിത്രപരമായ കാർഷിക സംരംഭത്തിന്റെ ഭാഗമാകാൻ അവസരം നൽകിയ മുഖ്യമന്ത്രിയോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. “ഇന്ത്യൻ സ്കൂൾ ഓഫ് അഗ്രികൾച്ചറുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശുമായി സഹകരിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. സ്ഥാപനത്തിന് റിലയൻസിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാനും വികസനപ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിയാകാനും എനിക്ക് സാധിക്കും. അതിനായി മുഖ്യമന്ത്രിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഞാൻ തേടുകയാണ്,” അനന്ത് അംബാനി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മന്ത്രി നാരാ ലോകേഷ് തുടങ്ങിയ പ്രമുഖരും തറക്കല്ലിടൽ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആന്ധ്രയുടെ കാർഷിക മേഖലയ്ക്ക് വലിയ കുതിപ്പേകാനാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.




+ There are no comments
Add yours