‘വെട്രി പയണ’ത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; തമിഴ്നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര കൂടുതൽ വിപുലമാക്കി

Estimated read time 1 min read

ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചുകൊണ്ടുള്ള ‘വെട്രി പയണ’ത്തിന് തുടക്കമായി. കോയമ്പേട് ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പുതിയ മാറ്റത്തോടെ സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നേരത്തെ പ്രത്യേക ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യ യാത്രാ സൗകര്യമാണ് ഇപ്പോൾ എക്സ്പ്രസ്സ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, മൊഫ്യൂസൽ ബസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് കീഴിലുള്ള 12,692 ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഇനിമുതൽ സൗജന്യമായി യാത്ര ചെയ്യാം. ഈ യാത്രാ ആനുകൂല്യത്തിന് പ്രത്യേക വരുമാന പരിധിയോ പ്രതിദിന യാത്രാ പരിധിയോ നിശ്ചയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ പദ്ധതി. തായ്മാമൻ തങ്കമോതിരം, സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി തുടങ്ങിയ ജനപ്രിയ ക്ഷേമപദ്ധതികൾക്ക് പിന്നാലെയാണ് സൗജന്യ യാത്രാ പദ്ധതിയും സർക്കാർ വിപുലീകരിക്കുന്നത്. ‘വെട്രി പയണം’ പദ്ധതിക്കായി പ്രതിവർഷം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തേണ്ടി വരിക.

+ There are no comments

Add yours