*മകളെ പീഡിപ്പിച്ച കേസ്സിൽ പിതാവിന് ജീവപരന്ത്യം തടവും പിഴയും*
ഇരിങ്ങാലക്കുട : ഒമ്പത് വയസുകാരിയായ മകൾക്കൊതിരെ
ലൈംഗീകാതിക്രമം നടത്തിയെന്ന കേസ്സിൽ പിതാവിന് ജീവപരന്ത്യം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വി വി സേതുമോഹൻ വിധി പ്രസ്താവിച്ചു.
2013 ഏപ്രിൽ മാസം മുതൽ 2016 ഫെബ്രുവരി 21 വരെയുള്ള കാലയളവിനുള്ളിൽ വാടക വീട്ടിൽ വെച്ച് മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ 48 കാരനെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളേയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന സാബ്. എൻ. ബി. രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന കെ. സുമേഷ്, എൻ. എസ്. സലീഷ് എന്നിവർ തുടർ അന്വേഷണം നടത്തി കൊടുങ്ങല്ലൂർ ഇൻസെപ്റ്റർ സിബി ടോം ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി ജീവപരന്ത്യം തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 6 മാസത്ത കഠിനതടവിനും കൂടാതെ ബാലാവകാശനിയമപ്രകാരം ഒരു വർഷത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകുവാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


+ There are no comments
Add yours