നിന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നില്ല’; വിദ്യാർഥിനിക്ക് ടിക്കറ്റ് നൽകാതെ അപമാനിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർ പ്രിയദർശിനി

Estimated read time 1 min read

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ടിക്കറ്റ് നിഷേധിച്ച് കണ്ടക്ടറുടെ പരസ്യമായ അധിക്ഷേപം. ഗുരുവായൂർ – എറണാകുളം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രിയദർശിനിക്കെതിരെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. അഞ്ചംഗ സംഘത്തിലെ മറ്റ് നാല് പേർക്കും കണ്ടക്ടർ പ്രിയദർശിനി ടിക്കറ്റ് നൽകിയെങ്കിലും ഈ പെൺകുട്ടിക്ക് മാത്രം നൽകാൻ തയ്യാറായില്ല. പകരം ടിക്കറ്റ് ചാർജ് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ കാരണം ചോദിച്ചപ്പോഴാണ് ‘നിന്നെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ല’ എന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർഥിനിയെ അപമാനിച്ചത്. മുടിയുടെ നീളം കുറവാണെന്നത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ബസിലുണ്ടായിരുന്ന ചില യാത്രക്കാരും കണ്ടക്ടർക്കൊപ്പം ചേർന്ന് തന്നെ അധിക്ഷേപിച്ചതായി വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു.

അപമാനം സഹിച്ചുകൊണ്ട് ഇതേ ബസിൽ തന്നെ പെൺകുട്ടിക്ക് യാത്ര തുടരേണ്ടി വന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും കണ്ടക്ടറിൽ നിന്നും ചില യാത്രക്കാരിൽ നിന്നും മോശം അനുഭവമുണ്ടായതായി വിദ്യാർഥിനി വ്യക്തമാക്കി. സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പറവൂർ എസ്.എച്ച്.ഒയ്ക്കാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours