തൃശൂർ റൂറൽ ജില്ല കടലോര ജാഗ്രത സമിതി മീറ്റിംഗ് വലപ്പാട് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച്  നടന്നു

Estimated read time 1 min read

കടലോര ജാഗ്രത സമിതി എന്നും കടലിനും, കടലോരത്തും രാജ്യത്തിൻറെ    കണ്ണും കാതുമായി വർത്തിക്കണമെന്ന ആഹ്വാനവുമായി –  തൃശൂർ റൂറൽ ജില്ല കടലോര ജാഗ്രത സമിതി
…………………………………………………………………………………………………………..………….

25.01.2025 തീയതി വൈകുന്നേരം 04.30 മണിക്ക് അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷൻെറ ആഭിമുഖ്യത്തിൽ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീ. ബി കൃഷ്ണകുമാർ IPS നിർദ്ദേശാനുസരണം വലപ്പാട് പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വച്ച് തൃശൂർ റൂറൽ ജില്ല കടലോര ജാഗ്രത സമിതി മീറ്റിംഗ് നടത്തുകയുണ്ടായി.
ബഹുഃ തൃശൂർ ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS ഉദ്ഘാടനം നിർവഹിച്ച യോഗത്തിന്, വലപ്പാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ രമേഷ് എം കെ അധ്യക്ഷപദവി അലങ്കരിച്ചു. അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീ മണികണ്ഠൻ വി എൻ സ്വാഗതം പറയുകയും, ശ്രീ സജി വർഗ്ഗീസ് നന്ദി പറയുകയും ചെയ്തു.  കടലോര ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തൃശൂർ റൂറൽ ജില്ലാതല കടലോര ജാഗ്രത സമിതി മീറ്റിംഗ് വിളിച്ചുചേർത്തത്. കടലോര ജാഗ്രത സമിതി മീറ്റിംഗിൽ കടലോര ജാഗ്രത സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, താലൂക്ക്, മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സമൂഹത്തിന്ഴെറ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ പങ്കെടുത്തിട്ടുള്ളതാണ്.

കടൽ കടന്നു വരുന്ന ഭീകര പ്രവർത്തനത്തിൻെറയും, നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും, നുഴഞ്ഞുകയറ്റത്തിൻെറയും പശ്ചാത്തലത്തിൽ കടലോരവുമായി അടുത്ത ഇടപഴകുന്ന മത്സ്യത്തൊഴിലാളികളുടെയും, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും, സജീവ പങ്കാളിത്തത്തോടു കൂടി തീരദേശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി തീരദേശ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുകൊണ്ട് തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ കൊടുങ്ങല്ലൂർ, മതിലകം, കൈപ്പംഗലം, വലപ്പാട്, വാടാനപ്പിള്ളി എന്നീ  പോലീസ് സ്റ്റേഷനുകളിൽ കടലോര ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുള്ളത്.

590 കിലോമീറ്റർ കടലോര ദൈർഘ്യമുള്ള കേരളത്തിലെ തീരക്കടലിൽ കൂടി തീവ്രവാദ പ്രവർത്തനങ്ങളും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കേരള പോലീസ്, കോസ്റ്റ് ഗാർഡ്, ഇൻന്ത്യൻ നേവി എന്നിവരോടൊപ്പം കടലോര മേഖലയിലെ സുരക്ഷാക്രമീകരണം ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് കടലോര ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുള്ളത്.
തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളി സംഘടനകൾ, സർക്കാർ ഇതര സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പ്രാതിനിധ്യത്തോടെ കൂടി തീരദേശ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ തീരദേശ മേഖലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കടലോര ജാഗ്രത സമിതികൾ രൂപീകരിച്ച് പ്രവർത്തനം നടന്ന് വരുന്നതാണ്.  കടൽ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് സംശയകരമായ സംഗതികളെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ  അടിയന്തിര വിവരം നൽകേണ്ട ചുമതലയാണ് കടലോര ജാഗ്രത സമിതികൾക്കുള്ളത്. ഇതിനായി ജില്ലാതലത്തിൽ ജില്ല ജാഗ്രത സമിതിയും, പ്രാദേശിക തലത്തിൽ പ്രാദേശിക ജാഗ്രത സമിതിയും, പ്രാദേശിക ജാഗ്രത ഉപസമിതിയും പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ തീരങ്ങളെ അന്യരാഷ്ട്രങ്ങളിൽ നിന്നും, കടൽ കടന്നെത്തുന്ന മറ്റ് വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് രൂപവത്കരിച്ച തീരദേശ പോലീസ് സംവിധാനത്തെ സഹായിക്കുന്നതിനായി, മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ഉൾപ്പെടുത്തി സർക്കാർ വിഭാവനം ചെയ്ത ഏറ്റവും ഫലവത്തായ സ്വയം സന്നദ്ധ സേവന വിഭാഗമാണ് കടലോര ജാഗ്രത സമിതി.
കടൽ കേന്ദ്രീകരിച്ച് 24 മണിക്കൂറും ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കടൽ കടന്നെത്തുന്ന ഏതൊരു നിയമലംഘന പ്രവർത്തനങ്ങളും ഏറ്റവും വേഗത്തിലും എളുപ്പത്തിലും കണ്ടെത്തുവാൻ സാധിക്കും. ഇങ്ങനെ കണ്ടെത്തുന്ന വിവരങ്ങൾ തീരദേശ പോലീസിന് കൈമാറുന്നതിലൂടെ പ്രതിരോധം ശക്തിപ്പെടുത്തി ആയത് തടയുവാനും, നിർവീര്യമാക്കുവാനും തീരദേശ പോലീസ് സംവിധാനത്തിന് കഴിയുന്നതാണ്.
പോലീസും തീരദേശവാസികളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിന് സാധ്യമായ എല്ലാ മാർഗ്ഗങ്ങളും തേടണമെന്ന് ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS നിർദ്ദേശിക്കുകയുണ്ടായി. തീരദേശങ്ങളിൽ വളർന്നുവരുന്ന തലമുറകളിലെ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും മറ്റും കോച്ചിംഗ് ക്ലാസ്സുകളും, മോട്ടിവേഷൻ ക്ലാസ്സുകളും മറ്റും ഒരുക്കുന്നതിന് പോലീസ് സംവിധാനത്തിൻെറ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം പറയുകയുണ്ടായി. തീരദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് നിയമസംവിധാനം പൂർവാധികം ശക്തിപ്പെടുത്തുമെന്നും, സമൂഹത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം പ്രതിരോധിക്കുന്നതിന് വിദ്യാലയങ്ങളിലൂടെയും മറ്റ് സാമൂഹ്യകേന്ദ്രങ്ങളിലൂടെയും നിരന്തരമായ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗത്തിൽ ജില്ല പോലീസ് മേധാവി ഉറപ്പുനൽകി. കൂടാതെ, യോഗത്തിൽ കടലോര ജാഗ്രത സമിതി അംഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ, ബന്ധപ്പെട്ട കേന്ദ്രങ്ങളിലൂടെ നിയമപരമായ സാധുതകൾ പരിശോധിച്ച് നിവർത്തിക്കുന്നതാണ് എന്നും ജില്ല പോലീസ് മേധാവി ഉറപ്പുനൽകി.

ഇന്ത്യൻ തീരദേശങ്ങളെ ശത്രുരാജ്യങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്ന പ്രതിരോധ സേനകളുടെ പ്രവർത്തനങ്ങളിൽ കടലോര ജാഗ്രത സമിതിയുടെ സ്വമേധയാലുള്ള ഇടപെടലുകൽ എത്ര ശ്ലാഘിച്ചാലും മതിവരില്ലെന്നും, കടലോര ജാഗ്രത സമിതി എന്നും കടലിനും, കടലോരത്തും രാജ്യത്തിൻറെ   കണ്ണും കാതുമായി വർത്തിക്കണമെന്നു  ബഹു ജില്ല പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ IPS കടലോര ജാഗ്രത സമിതി അംഗങ്ങളോട് ആഹ്വാനം ചെയ്തു.

+ There are no comments

Add yours