പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ ആറ് ദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,38,000-ത്തിലധികം തീർത്ഥാടകരാണ് ഇത്തവണ കുറഞ്ഞത്. തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ ഇടിവ് അപ്പം, അരവണ വിൽപ്പനയെയും അന്നദാന ഫണ്ടിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ എണ്ണത്തിൽ 47 ശതമാനം കുറവ്
കഴിഞ്ഞ വർഷം ആദ്യ ആറ് ദിവസങ്ങളിൽ 5.10 ലക്ഷം പേർ ദർശനം നടത്തിയ സ്ഥാനത്ത് ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രമാണ്. അതായത്, തീർത്ഥാടകരുടെ എണ്ണത്തിൽ 47 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നടതുറന്ന വൃശ്ചികം ഒന്നിന് കഴിഞ്ഞ വർഷം 1.3 ലക്ഷം പേർ എത്തിയപ്പോൾ ഇക്കുറി എത്തിയത് 38,000 പേർ മാത്രമായിരുന്നു. ആദ്യ ദിവസങ്ങളിൽ 30,000 പേർ മാത്രമാണ് മലകയറിയത്. ഇന്ന് രാവിലെ ആറ് മണി വരെ 15,105 പേരാണ് ദർശനം നടത്തിയത്.
അരവണ വിൽപ്പനയിൽ ഒൻപത് കോടിയുടെ കുറവ്
തീർത്ഥാടകരുടെ കുറവ് ദേവസ്വം വരുമാനത്തെയും സാരമായി ബാധിച്ചു. ആദ്യ ആറ് ദിവസത്തെ കണക്കുകൾ പ്രകാരം അരവണ വിൽപ്പന പകുതിയായി കുറഞ്ഞു. കഴിഞ്ഞ വർഷം 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ 9 ലക്ഷം ടിൻ മാത്രമാണ് വിൽക്കാനായത്. ഇതിലൂടെ അരവണ വിൽപ്പനയിൽ മാത്രം ഏകദേശം ഒൻപത് കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
വെർച്വൽ ക്യൂവിലെ ദുരൂഹത പരിശോധിക്കും; സോഫ്റ്റ്‌വെയറിൽ മാറ്റം
അതേസമയം, വെർച്വൽ ക്യൂ ബുക്കിംഗുമായി ബന്ധപ്പെട്ട ദുരൂഹതകൾ സൈബർ ഫോറൻസിക് സംഘം പരിശോധിക്കും. ഇന്നലെ മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും 23,714 പേർ ദർശനത്തിന് എത്തിയില്ല. ഇത്തരം പ്രവണതകൾ തടയുന്നതിനായി ബുക്കിംഗ് സോഫ്റ്റ്‌വെയറിൽ അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ വെർച്വൽ ക്യൂ ബുക്ക് ചെയ്ത ശേഷം ദർശനത്തിന് വരാതിരുന്നാൽ, ഈ മണ്ഡലകാലത്ത് അവർക്ക് പിന്നീട് ബുക്കിംഗ് ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.




+ There are no comments
Add yours