കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹന വകുപ്പിന്റെ (എം.വി.ഡി) കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, വാഹനത്തിന്റെ ആർ.സി (RC) റദ്ദാക്കരുതെന്നുമാണ് മറുപടിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ കോടതി ഉത്തരവുകൾ കൂടി ഉദ്ധരിച്ചാണ് ജഡ്ജി വിശദീകരണം സമർപ്പിച്ചത്.
വാഹനം തന്റെ പേരിലാണെങ്കിലും അപകടത്തിൽ തനിക്ക് പങ്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കെ ആർ.സി റദ്ദാക്കാനുള്ള നടപടിയിലേക്ക് കടക്കുന്നത് നിയമവിരുദ്ധമാകുമെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ വിശദീകരണത്തിന്മേൽ നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. സംഭവത്തിന് പിന്നാലെ കേസ് അട്ടിമറിക്കാനും ദുർബല വകുപ്പുകൾ ചുമത്തി പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകാനും ശ്രമം നടന്നിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പിന്നീട് കുറ്റകരമായ നരഹത്യ ചുമത്തിയത്. സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി ധിക്കാരപരമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് വാഹനവുമായി പുറത്തിറങ്ങിയതെന്നും, ഇരുട്ടും മഴയുമുള്ളതിനാൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് പതിനേഴുകാരൻ നൽകിയ മൊഴി.
അതേസമയം, കേസിൽ പതിനേഴുകാരന് ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും, അത് ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നൽകിയിട്ടുണ്ട്.




+ There are no comments
Add yours