ദിവസവും ഒരു കപ്പ് ചായയെങ്കിലും കുടിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. സ്ഥിരം ചായയിൽ നിന്ന് മാറി അല്പം വെറൈറ്റി രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവമാണ് ‘കപ്പലണ്ടി ചായ’. വീട്ടിൽ കപ്പലണ്ടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ:
- വലിയ കപ്പലണ്ടി – ഒരു പിടി
- തേയില – ആവശ്യത്തിന്
- ഏലയ്ക്ക – ആവശ്യത്തിന്
- വെള്ളം – ഒരു ഗ്ലാസ്
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- ആദ്യമായി ഒരു പിടി കപ്പലണ്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വെള്ളത്തിലിട്ട് കുതിരാൻ വെക്കുക.
- കുതിർന്ന കപ്പലണ്ടി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. തുടർന്ന് ഒരു അരിപ്പ ഉപയോഗിച്ച് ഇത് നന്നായി അരിച്ചെടുക്കണം. അപ്പോൾ നല്ല കട്ടിയുള്ള പാലിന്റെ രൂപത്തിൽ കപ്പലണ്ടിപ്പാൽ ലഭിക്കും.
- ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം വെച്ച് ചൂടാക്കുക. വെള്ളം തിളച്ചുവരുമ്പോൾ ആവശ്യത്തിന് തേയിലയും ഏലയ്ക്കയും ചേർക്കുക.
- തൊട്ടുപിന്നാലെ തന്നെ അരിച്ചെടുത്തു വെച്ചിരിക്കുന്ന കപ്പലണ്ടിപ്പാൽ സാധാരണ പാലിന് പകരമായി ഇതിലേക്ക് ഒഴിക്കുക.
- കപ്പലണ്ടിയുടെ പച്ചമണം മാറുന്നതുവരെ ചായ നന്നായി തിളപ്പിക്കുകയും ഇളക്കിക്കൊടുക്കുകയും വേണം.
- അവസാനമായി ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് ചൂടോടെ കപ്പിലേക്ക് പകർന്ന് ആസ്വദിക്കാം.




+ There are no comments
Add yours