വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഭൂരിഭാഗം പേരെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തഴഞ്ഞു
ദുരന്തത്തിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട നൂറുകണക്കിന് വ്യാപാരികളുള്ളപ്പോൾ കേവലം 28 പേരെ മാത്രമാണ് നിലവിൽ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് എന്നിവയില്ലെന്ന സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാക്കിയുള്ളവരെ പട്ടികയിൽ നിന്ന് തഴഞ്ഞത്. എന്നാൽ ദുരന്തം നടന്ന സമയത്ത് എല്ലാ വ്യാപാരികൾക്കും അർഹമായ സഹായം നൽകുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നതാണ്. ഒഴിവാക്കപ്പെട്ട മുഴുവൻ വ്യാപാരികളെയും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
അനുവദിച്ചത് 7.19 കോടി രൂപ
നഷ്ടപരിഹാരം വൈകുന്നതിനെതിരെ വ്യാപാരികളും സമരസമിതികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ ഒക്ടോബർ 30-നാണ് സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.19 കോടി രൂപയാണ് (7,19,99,400 രൂപ) ഇതിനായി അനുവദിച്ചത്. കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും, ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കും വ്യാപാരികൾക്കുമായി 2.05 കോടി രൂപയുമാണ് ഇതിൽ വകയിരുത്തിയത്. ഫണ്ട് അനുവദിച്ചെങ്കിലും അർഹരായ ഭൂരിഭാഗം പേരും സഹായപ്പട്ടികയ്ക്ക് പുറത്തായതോടെയാണ് വീണ്ടും പ്രതിഷേധത്തിലേക്ക് നീങ്ങാൻ വ്യാപാരികൾ നിർബന്ധിതരായത്.




+ There are no comments
Add yours