തിരുവനന്തപുരം: പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജവാർത്തകളും അപവാദ പ്രചാരണങ്ങളും നിയമപരമായി നേരിടുന്നതിനായി വിപുലമായ ലീഗൽ സെൽ രൂപീകരിച്ച് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിനാണ് ഈ സെല്ലിന്റെ ചുമതല നൽകിയിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള മുന്നൂറോളം അഭിഭാഷകർ ഈ പ്രത്യേക ലീഗൽ സെല്ലിന്റെ ഭാഗമാകും.
നിയമനടപടികൾ കർശനമാക്കും
പാർട്ടിക്കെതിരെ ഉയരുന്ന അപവാദങ്ങൾക്കും വ്യാജവാർത്തകൾക്കുമെതിരെ ഇനിമുതൽ ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിക്കും. ഹൈക്കോടതി കേന്ദ്രീകരിച്ച് മാത്രം 30 അഭിഭാഷകർ അടങ്ങുന്ന സംഘം ഈ സെല്ലിന്റെ ഭാഗമായി പ്രവർത്തിക്കും. അടുത്തിടെ കോഴിക്കോട് ചേർന്ന സി.പി.ഐ.എമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം വ്യാജവാർത്തകളെന്ന് വിലയിരുത്തൽ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കും നേതാക്കൾക്കുമെതിരെ വലിയ തോതിൽ അപവാദ പ്രചാരണങ്ങൾ നടന്നിരുന്നു. ഇത്തരം വ്യാജവാർത്തകൾ ഒരു പരിധി വരെ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തൽ. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് തെറ്റായ പ്രചാരണങ്ങൾക്ക് തടയിടാൻ 300 അഭിഭാഷകരെ അണിനിരത്തിക്കൊണ്ട് വിപുലമായ നിയമ സംവിധാനം ഒരുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്.




+ There are no comments
Add yours