കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. സർവകലാശാല നൽകിയ സത്യവാങ്മൂലത്തിന്മേൽ വിദ്യാർത്ഥികളുടെ മറുപടി കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസിൽ വിശദമായ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മാപ്പെഴുതി നൽകിയാൽ പരീക്ഷയെഴുതാം; വഴങ്ങാതെ വിദ്യാർത്ഥികൾ
നേരത്തെ നൽകിയതിനേക്കാൾ സമഗ്രമായ സത്യവാങ്മൂലമാണ് സർവകലാശാല ഇന്നലെ കോടതിയിൽ ഫയൽ ചെയ്തത്. മാപ്പപേക്ഷ എഴുതി നൽകിയാൽ വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ തിരികെ പ്രവേശിക്കാമെന്നും പരീക്ഷ എഴുതാമെന്നുമാണ് സർവകലാശാല ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മാപ്പപേക്ഷ നൽകില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ. സസ്പെൻഷൻ കാലാവധിയിൽ ക്യാമ്പസിൽ പ്രവേശിച്ച നാല് വിദ്യാർത്ഥികളുടെ സസ്പെൻഷൻ നീട്ടിയ കാര്യവും സർവകലാശാല കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വി.സിക്കെതിരായ കോടതിയുടെ മുൻ വിമർശനം
നേരത്തെ ഈ ഹർജി പരിഗണിക്കവേ സർവകലാശാലാ വി.സിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. വിദ്യാർത്ഥികൾ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞുവെന്നും വി.സിക്ക് ‘ഇനിയും അരിശം തീർന്നില്ലേ’ എന്നും കോടതി ചോദിച്ചിരുന്നു. കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ മൂർച്ചയേറിയ ചോദ്യം. വിദ്യാർത്ഥികൾ സമർപ്പിക്കുന്ന പുതിയ സത്യവാങ്മൂലം കൂടി പരിഗണിച്ചാകും തിങ്കളാഴ്ച കോടതി തുടർനടപടികൾ സ്വീകരിക്കുക.




+ There are no comments
Add yours