തിരുവല്ലയിൽ കാടുമൂടിയ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Estimated read time 0 min read

തിരുവല്ല: കുന്നന്താനത്ത് ആൾമറയില്ലാത്തതും കാടുമൂടിയതുമായ കിണറ്റിൽ അബദ്ധത്തിൽ വീണ പശുവിന് രക്ഷകരായി തിരുവല്ല അഗ്നിശമനസേന. കുന്നന്താനം പാലയ്ക്കാ തകിടിയിൽ പാലമണ്ണിൽ വീട്ടിൽ തുളസീധര കൈമളിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് 20 അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ടത്.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പുല്ല് മേയുന്നതിനായി സമീപവാസിയുടെ പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ മറ്റൊരു ഭാഗത്തേക്ക് മാറ്റിക്കെട്ടുന്നതിനിടെ അബദ്ധത്തിൽ കാടുമൂടിയ കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. കിണറ്റിലേക്ക് വീഴുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയർ കുരുങ്ങി ഉടമയായ തുളസീധര കൈമളിന്റെ കാലിന് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആർക്കും കിണറ്റിലേക്ക് ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ഓഫീസർ ശരത്ത് ലാൽ റോപ്പ് ഉപയോഗിച്ച് കിണറ്റിലിറങ്ങി പശുവിന്റെ ശരീരത്തിൽ ഹോസ് ബന്ധിച്ചു. തുടർന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജയൻ മാത്യു, ഫയർ ഓഫീസർമാരായ അനിൽകുമാർ, ശ്രീദാസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

+ There are no comments

Add yours