ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിരൂക്ഷമായ വായുമലിനീകരണത്തിൽ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. ഡൽഹിയിലെ മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 500 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന സർക്കാരിന്റെ കർശന നിർദ്ദേശം വ്യാപകമായി ലംഘിക്കപ്പെട്ടതാണ് മലിനീകരണം ഇത്രത്തോളം രൂക്ഷമാക്കിയത്. കനത്ത പുകമഞ്ഞിനെ തുടർന്ന് നഗരത്തിൽ ദൃശ്യപരത (Visibility) ഗണ്യമായി കുറഞ്ഞത് റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ മോശമായ സാഹചര്യത്തിൽ വരും മണിക്കൂറുകളിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ വൻ തീപിടിത്തങ്ങളുണ്ടായി. ഡോംഗ്രിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും പൂർണ്ണമായി കത്തിനശിച്ചു. വിരാറിലും താനെയിലും പാർപ്പിട സമുച്ചയങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. താനെയിൽ അപകടമുണ്ടായ പ്രദേശം ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നവിമുംബൈയിലെ തുർബെയിലുള്ള ഒരു ഷോപ്പിങ് സെന്ററിലും അഗ്നിബാധയുണ്ടായി. ഇവിടുത്തെ ഒരു സോഫാ നിർമ്മാണ യൂണിറ്റിലേക്ക് പടക്കം വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമായത്.




+ There are no comments
Add yours