സിനിമാപ്രേമികൾക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം: തമിഴ്നാട്ടിൽ പുലർച്ചെ 6 മണി ഷോകൾക്ക് അനുമതി; നേട്ടം ആദ്യം സൂര്യക്കും നയൻതാരക്കും

Estimated read time 1 min read

ചെന്നൈ: തമിഴ് സിനിമാപ്രേമികൾക്കും സിനിമാലോകത്തിനും ആവേശമായി മുഖ്യമന്ത്രി വിജയ്‌യുടെ പുതിയ പ്രഖ്യാപനം. സംസ്ഥാനത്തെ തിയേറ്ററുകളിൽ പുതിയ ചിത്രങ്ങളുടെ പുലർച്ചെ ആറുമണിക്കുള്ള ആദ്യ പ്രദർശനങ്ങൾക്ക് (6 AM Shows) സർക്കാർ അനുമതി നൽകി. പുതിയ ഉത്തരവ് പ്രകാരം, സിനിമ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ ദിവസവും ആറ് ഷോകൾ വരെ നടത്താം. പുലർച്ചെ ആറുമണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 2.30 വരെ പ്രദർശനം നടത്താനാണ് നിലവിൽ അനുമതിയുള്ളത്.

വിലക്കിന് കാരണമായത് 2023-ലെ അപകടം: 2023-ൽ നടൻ അജിത്തിന്റെ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെയുണ്ടായ ദാരുണമായ അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് പുലർച്ചെയുള്ള സിനിമാ പ്രദർശനങ്ങൾക്ക് മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയത്. റിലീസ് ആഘോഷങ്ങൾക്കിടെ 19 വയസ്സുകാരനായ ആരാധകൻ മരിച്ചതിനെ തുടർന്ന് തിയേറ്ററുകളിലെ ആദ്യ പ്രദർശനം രാവിലെ ഒമ്പത് മണിക്ക് മാത്രമായി സർക്കാർ നിജപ്പെടുത്തിയിരുന്നു.

നിർമ്മാതാക്കളുടെ ഇടപെടൽ: വിലക്ക് നീക്കി പുലർച്ചെ ആറുമണി ഷോകൾക്ക് വീണ്ടും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തിയേറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.

സാധാരണ ദിവസങ്ങളിൽ സംസ്ഥാനത്തെ തിയേറ്ററുകളിൽ നാല് പ്രദർശനങ്ങളാണുള്ളത്. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പുതിയ സിനിമകളുടെ ആദ്യ ഏഴ് ദിവസങ്ങളിലും, ഉത്സവങ്ങൾ, പൊതു അവധി ദിനങ്ങൾ, വാരാന്ത്യങ്ങൾ എന്നിവയിലും ഇത് അഞ്ച് ഷോകളായി ഉയർത്തിയിരുന്നു. ഈ തീരുമാനമാണ് പുതിയ ഉത്തരവോടെ ആറായി വർദ്ധിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വന്നതിന് ശേഷം തിയേറ്ററുകളിലെത്തുന്ന സൂര്യയുടെ ‘സീൻ’, നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ എന്നീ ചിത്രങ്ങൾക്കാകും ഈ ഇളവുകളുടെ ഗുണം ആദ്യം ലഭിക്കുക.

+ There are no comments

Add yours