അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ സാധ്യത; കൂടുതൽ നേതാക്കൾ അറസ്റ്റിലായേക്കും

Estimated read time 1 min read

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചപറ്റിയെന്ന വിലയിരുത്തലിൽ ഉന്നത ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഉദ്യോഗസ്ഥരുടെ മാറ്റത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

അതേസമയം, സ്റ്റേഷൻ അതിക്രമക്കേസിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ പത്തനംതിട്ട എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ കേസിൽ പ്രതിചേർക്കും.

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 11-ന് എറണാകുളത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങളും സംഘർഷവും അരങ്ങേറിയത്. സെല്ലിലുണ്ടായിരുന്ന രാജൻ ജോസഫിനെ താൻ ആക്രമിച്ചിട്ടില്ലെന്നും, കുശലാന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. എന്നാൽ, വിവരാവകാശ നിയമപ്രകാരം അടുത്തിടെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഈ വാദം തള്ളുന്നതായിരുന്നു.

+ There are no comments

Add yours