ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരം: നാളെ മുതൽ കർശന നിയന്ത്രണം, ഓഫീസ് ഹാജർനില പകുതിയാക്കി കുറച്ചു

Estimated read time 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്. നഗരത്തിലെ ശരാശരി മലിനീകരണ തോത് 350 കടന്നതോടെ പുകമഞ്ഞിൽ ശ്വാസംമുട്ടുകയാണ് ഡൽഹി നിവാസികൾ. വരും ദിവസങ്ങളിൽ മലിനീകരണം ഇതിലും രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തികളിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

പല പ്രദേശങ്ങളിലും വായു മലിനീകരണ തോത് 400 കടന്നിരിക്കുകയാണ്. ഇന്ന് രാവിലെ ധൗല കുവാനിൽ 417 ഉം ഗാസിപ്പൂരിൽ 410 ഉം ആണ് മലിനീകരണ തോത് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ദേശീയ തലസ്ഥാന മേഖലയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി.

പുതിയ നിർദേശപ്രകാരം ഡൽഹിയിൽ നിർമ്മാണ, പൊളിക്കൽ ജോലികൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം ആയിരിക്കും. പ്രഖ്യാപിച്ചിട്ടുള്ള ഈ നിയന്ത്രണങ്ങൾ ഈ മാസം 20 വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

+ There are no comments

Add yours