പാങ്ങപ്പാറയിലെ 17-കാരന്റെ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം; അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തതിൽ ദുരൂഹത

Estimated read time 1 min read

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17-കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികൾ യഥാർത്ഥത്തിൽ ലക്ഷ്യമിട്ടിരുന്നത് ഇരട്ടക്കൊലപാതകമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിലെ പ്രതിയായ 17-കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്തിനെയായിരുന്നു ക്രിമിനൽ സംഘം ലക്ഷ്യം വെച്ചിരുന്നത്. ഇയാളെ നേരിട്ട് വിളിച്ചുവരുത്താൻ സാധിക്കാത്തതിനാലാണ് യാതൊരു ബന്ധവുമില്ലാത്ത സുഹൃത്തായ അഭിറാമിനെ പ്രതികൾ കരുവാക്കിയത്.

പ്രതികളിലൊരാളായ അനന്ദയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ദിവസങ്ങൾക്ക് മുൻപേ മെസ്സേജുകൾ അയച്ചാണ് അഭിറാമിനെ ഇവർ കെണിയിൽ വീഴ്ത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിയ അഭിറാമിനെ, ക്രിമിനൽ കേസ് പ്രതിയായ ഉമറും 17-കാരനായ പ്രതിയും ചേർന്ന് കാത്തുനിൽക്കുകയായിരുന്നു. ചതിയാണെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ, അഭിറാമിന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതിൽ ദുരൂഹതയുണ്ട്. മറ്റൊരു പെൺസുഹൃത്തുമായി ഈ അക്കൗണ്ട് പങ്കുവെച്ചിരുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ചാറ്റുകൾ ഡിലീറ്റ് ചെയ്തതാരെന്നതിലും, സംഭവത്തിന് ശേഷം കാണാതായ മൊബൈൽ ഫോൺ കണ്ടെത്താനും ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് അഭിറാം വീട്ടിൽ നിന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന് നടക്കും.

അതേസമയം, കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിറ്റി പോലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രാത്രി 10 മണിക്കാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ സ്റ്റേഷനിലെത്തുന്നത്. എന്നാൽ അതിനുമുൻപ് തന്നെ കൊലപാതകം നടന്നിരുന്നു. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച് അന്ന് രാത്രി തന്നെ ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നിയമപ്രകാരം സ്റ്റേഷനിൽ നിർത്താൻ കഴിയാത്തതുകൊണ്ട് മാതാപിതാക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നുവെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

+ There are no comments

Add yours