ചെന്നൈ: ബി.എൽ.എം (BLM) സഹകരണ സൊസൈറ്റി വമ്പൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കൊച്ചിയും കോഴിക്കോടും ഉൾപ്പെടെ പത്തിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ചെന്നൈയിലുള്ള ബി.എൽ.എമ്മിന്റെ മുഖ്യ ആസ്ഥാനത്തും ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസിൽ അന്വേഷണ ഏജൻസി നേരത്തെ തന്നെ പ്രാഥമികാന്വേഷണം നടത്തിയിരുന്നു.
നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന്റെ മറവിൽ 5000 കോടി രൂപയുടെ ഭീമമായ തട്ടിപ്പാണ് സൊസൈറ്റി നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ബി.എൽ.എം ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുകയും മറ്റ് വ്യക്തിഗത നിക്ഷേപങ്ങൾ നടത്തുകയും ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ബി.എൽ.എം സൊസൈറ്റിക്ക് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി നിരവധി ബ്രാഞ്ചുകളുണ്ട്. ഇതിന് പുറമെ കേരളത്തിൽ മാത്രം നിലവിൽ സൊസൈറ്റിക്ക് 130 ബ്രാഞ്ചുകളാണ് പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ വലിയൊരു പങ്കും കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടേതാണെന്നാണ് വിലയിരുത്തൽ.




+ There are no comments
Add yours