കാസർഗോഡ്: അതിഥി തൊഴിലാളി കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മോഷ്ടിച്ചു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബൈജുവാണ് ഫോൺ മോഷ്ടിച്ച് മറ്റൊരാൾക്ക് വിറ്റത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തു.
പ്രദേശത്തെ ഒരു അതിഥി തൊഴിലാളിയാണ് കളഞ്ഞുകിട്ടിയ ഫോൺ സ്റ്റേഷനിൽ കൊണ്ടേൽപ്പിച്ചത്. പാറാവ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഈ ഫോൺ, ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് ബൈജു മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇത് പണത്തിനായി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഫോൺ വാങ്ങിയ ആളെ കണ്ടെത്തിയത്. സി.പി.ഒ ബൈജുവാണ് തനിക്ക് ഫോൺ വിറ്റതെന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഇതിന് പുറമെ, സ്റ്റേഷനിൽ നിന്ന് ബൈജു മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.




+ There are no comments
Add yours