ഫോർട്ട് കൊച്ചി വിവാദം: ‘ഒരാളുടെ അഭിപ്രായത്തിന് കുടുംബം ഉത്തരവാദികളല്ല’; ദിയയ്ക്ക് നേരെയുള്ള സൈബറാക്രമണത്തിൽ പ്രതികരിച്ച് അഹാന

Estimated read time 1 min read

കൊച്ചി: ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള വിദ്വേഷ വീഡിയോയെ അനുകൂലിച്ച് കമന്റ് ചെയ്തതിനെ തുടർന്ന് സഹോദരി ദിയ കൃഷ്ണ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. തങ്ങൾ ആറംഗങ്ങളുള്ള ഒരു കുടുംബമാണെങ്കിലും എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളുമാണുള്ളതെന്നും, അതിനാൽ ഒരാൾ പറയുന്ന കാര്യങ്ങൾക്ക് കുടുംബത്തിലെ മറ്റുള്ളവർ ഉത്തരവാദികളല്ലെന്നും അഹാന ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

പൊതുരംഗത്ത് നിൽക്കുന്നവർ എന്ന നിലയിൽ വിമർശനങ്ങളും വിയോജിപ്പുകളും നേരിടേണ്ടി വരുമെന്നത് സത്യമാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങളെ ഒരു കുടുംബത്തെ ഒന്നടങ്കം അപമാനിക്കാനുള്ള അവസരമായി മാറ്റരുത്. ഒരു കുടുംബമെന്ന നിലയിൽ എപ്പോഴും ഒരുമിച്ച് നിൽക്കുമെങ്കിലും ചിന്തകളിൽ എല്ലാവരും വ്യത്യസ്തരാണെന്നും അഹാന കൂട്ടിച്ചേർത്തു. വിമർശനങ്ങൾ കടുത്തതോടെ താൻ സോഷ്യൽ മീഡിയയിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയാണെന്ന് ദിയ കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു.

അമൃത് സിങ് ഡാരൻ എന്ന യൂട്യൂബർ ‘ലിറ്റി ഛോക്ക യുപി’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് കേരളത്തിനും ഫോർട്ട് കൊച്ചിക്കുമെതിരെ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. ഫോർട്ട് കൊച്ചിയിൽ 95 ശതമാനവും മുസ്‌ലിംകളാണെന്നും മറ്റുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്നും വീഡിയോയിൽ ആരോപിച്ചിരുന്നു. കൂടാതെ, മതം പ്രചരിപ്പിക്കാൻ കേരള സർക്കാർ ഗൾഫിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും, പ്രശസ്തമായ കാശി ആർട്ട് കഫേയിൽ ബീഫ് വിഭവങ്ങൾ മാത്രമാണ് നൽകുന്നതെന്നുമുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങളും ഇയാൾ പ്രചരിപ്പിച്ചു. ഈ വീഡിയോയ്ക്ക് ദിയ നൽകിയ പിന്തുണയാണ് വലിയ സൈബർ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

+ There are no comments

Add yours