കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കും. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കുടുംബം ഉന്നയിച്ച പരാതികളും ഈ സംഘം അന്വേഷിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം വേണ്ടിവന്നതിനാലാണ് വകുപ്പുകൾ ചുമത്താൻ വൈകിയതെന്നും മനഃപൂർവമുള്ള കാലതാമസം ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. നിയമപരമായ നടപടികൾക്ക് ശേഷം വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജിയെയും കേസിൽ പ്രതിചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, അച്ഛന് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഒരു സാധാരണക്കാരന് എന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുമെന്നും ജയബാലകൃഷ്ണന്റെ മകൾ പറഞ്ഞു. പ്രതിയുടെ പിതാവ് ജഡ്ജിയായതുകൊണ്ടാണ് പൊലീസ് നടപടികൾ വൈകിപ്പിക്കുന്നതെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അവർ ആരോപിച്ചു. നീതിക്കായി മേൽക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.ജി.പി എന്നിവരെ നേരിൽ കണ്ട് പരാതി നൽകുമെന്നും മകൾ കൂട്ടിച്ചേർത്തു.
ഇതിനിടെ, കേസിൽ സ്റ്റേഷൻ ജാമ്യത്തിലായിരുന്ന പതിനേഴുകാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും വീണ്ടും ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ചേരാനെല്ലൂർ കണ്ടെയ്നർ റോഡിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.




+ There are no comments
Add yours