തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ-കോച്ചിങ് സെൻ്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന അതിശക്തമായ മഴയെയാണ് ഓറഞ്ച് അലർട്ട് സൂചിപ്പിക്കുന്നത്. 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.




+ There are no comments
Add yours