എസ്.സി/എസ്.ടി ഫണ്ട് ക്രമക്കേട്: ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണം; പേപ്പർ കമ്പനിക്ക് കരാർ നൽകി കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം

Estimated read time 1 min read

തിരുവനന്തപുരം: കേരളത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എം.ഡി ആയിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടിൽ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം. വ്യാജ പേപ്പർ കമ്പനിക്ക് കരാർ നൽകി കോർപ്പറേഷന് സാമ്പത്തിക നഷ്ടം വരുത്തിവെച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന വിജിലൻസ് ശിപാർശ അന്നത്തെ പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.

1992-93 കാലഘട്ടത്തിൽ എസ്.സി/എസ്.ടി വികസന കോർപ്പറേഷന് കീഴിൽ കമേഴ്‌സ്യൽ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന 9,06,783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. കരാർ വ്യവസ്ഥ പ്രകാരം 25 ശതമാനം തുക മാത്രമാണ് അഡ്വാൻസ് നൽകേണ്ടിയിരുന്നത്. എന്നാൽ നിയമങ്ങൾ കാറ്റിൽപ്പറത്തി 90 ശതമാനം തുകയും ഗ്യാനേഷ് കുമാർ കമ്പനിക്ക് മുൻകൂറായി അനുവദിക്കുകയായിരുന്നു. എന്നാൽ തുക കൈപ്പറ്റിയ കമ്പനി കരാർ പ്രകാരമുള്ള ഇലക്ട്രോണിക് സാധനങ്ങൾ കോർപ്പറേഷന് നൽകിയില്ല.

സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനും അന്നത്തെ പ്രോജക്ട് ഓഫീസറായിരുന്ന ബാലഭാസ്കറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് 2022-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ നിർദ്ദേശിച്ചിരുന്നു. എങ്കിലും ഫയലിൽ മേൽ നടപടിയൊന്നും കൈക്കൊള്ളാതെ മുടങ്ങിക്കിടക്കുകയായിരുന്നു.

+ There are no comments

Add yours