തിരുവനന്തപുരം: മലപ്പുറത്തിനെതിരായ സി.പി.ഐ.എം നേതാവ് പി. നന്ദകുമാറിന്റെ വിമർശനം തള്ളി എൽ.ഡി.എഫ് ഘടകകക്ഷിയായ സി.പി.ഐ. മലപ്പുറം പൂർണ്ണമായും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സി.പി.ഐ മുഖപത്രമായ ‘ജനയുഗ’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. സുരേഷ് രാജ് എഴുതിയ ലേഖനത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് അവിടെയുള്ള ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ ജനസംഖ്യാ കണക്ക് നോക്കിയല്ലെന്നും, മതനിരപേക്ഷത എന്നാൽ മതത്തെ എതിർക്കലല്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു പ്രത്യേക മതത്തിന്റെ മാത്രം ചരിത്രമായി ചിത്രീകരിക്കുന്നത് ചരിത്രപരമായ തെറ്റാണെന്ന് കെ.പി. സുരേഷ് രാജ് വിമർശിച്ചു. മലപ്പുറത്തിന്റെ യഥാർത്ഥ പ്രത്യേകത അതിന്റെ മതഘടനയല്ലെന്നും, വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ ഒരേ സാമൂഹിക അന്തരീക്ഷത്തിൽ ഒന്നിച്ച് ജീവിക്കുന്നതാണെന്നും ലേഖനം വ്യക്തമാക്കുന്നു. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും താവളമാകാൻ അനുവദിക്കരുത് എന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് നന്ദകുമാറിന്റെ വിശദീകരണം. താൻ തെറ്റായൊന്നും പറയാത്തതിനാൽ അത് നാക്കുപിഴയായി പോലും സമ്മതിക്കില്ലെന്ന നിലപാടിലാണ് മുൻ എം.എൽ.എ കൂടിയായ നന്ദകുമാർ.
അതേസമയം, നന്ദകുമാറിന്റെ വിവാദ പ്രസ്താവനയെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവൻകുട്ടിയും തള്ളിക്കളഞ്ഞപ്പോൾ, അദ്ദേഹത്തെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. എന്നാൽ മുന്നണിക്കുള്ളിൽ തന്നെ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെടുന്നത് എൽ.ഡി.എഫിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.




+ There are no comments
Add yours