സുഗതനെതിരായ കേസ് വ്യാജമെന്ന് തെളിഞ്ഞു; എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന് രാജീവ് ചന്ദ്രശേഖർ

Estimated read time 1 min read

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതനെതിരെ കാപ്പ (KAAPA) ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുഗതനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി ആദ്യം മുതൽ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും, ജനങ്ങൾക്ക് ഇതെല്ലാം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം സി.പി.എം ചെയ്തത് തന്നെയാണ് ഇപ്പോൾ കോൺഗ്രസും ചെയ്യുന്നതെന്നും, എൽ.ഡി.എഫും യു.ഡി.എഫും വ്യത്യസ്തമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബി.ജെ.പി കൗൺസിലറായ ആർ. സുഗതനെതിരെ കാപ്പ നിയമപ്രകാരം തടങ്കൽ ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം റദ്ദാക്കിയത്. തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നടപടി. അനുകൂല വിധിയുണ്ടായതോടെ സുഗതന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും.

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള സുഗതനെതിരെ നരഹത്യാശ്രമം, വീട് കയറി ആക്രമണം നടത്തുക, വാഹനങ്ങൾ തകർക്കുക തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിച്ച് വിജയിച്ചത്. ജയിലിൽ കഴിയുകയായിരുന്ന സുഗതൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിയ്യൂർ ജയിലിൽ വെച്ചായിരുന്നു കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത്.

+ There are no comments

Add yours