അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മീഷൻ അംഗം; കേന്ദ്ര വിജ്ഞാപനം പുറത്തിറങ്ങി

Estimated read time 1 min read

തൃശൂർ: മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. നിവേദിതയ്ക്ക് പുറമെ ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയെയും കമ്മീഷൻ അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് ഇരുവർക്കും നിയമനം നൽകിയിരിക്കുന്നത്.

ദേശീയ വനിതാ കമ്മീഷനിലേക്കുള്ള തന്റെ നിയമനം കേരളത്തിലെ സ്ത്രീകൾക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് നിവേദിത പ്രതികരിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീ സമൂഹത്തിനായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പുതിയ പദവിയിലൂടെ സാധിക്കും. കേരളത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ തന്റേതായ എല്ലാവിധ ഇടപെടലുകളും ഉറപ്പാക്കുമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗുരുവായൂർ സ്വദേശിയായ നിവേദിത നിലവിൽ ബി.ജെ.പിയുടെ തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016-ൽ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും, ഈയടുത്ത് നടന്ന 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിയായി ജനവിധി തേടിയിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടി ഇവർക്ക് ഗുരുവായൂരിൽ സീറ്റ് നൽകിയിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോയത് അന്ന് വലിയ വാർത്തയായിരുന്നു.

+ There are no comments

Add yours