കൊല്ലം: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ വിവരങ്ങൾ മറച്ചുവെക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. ലൂസിഫർ സിനിമയിലെ നായകനായ ‘സ്റ്റീഫൻ നെടുമ്പള്ളി’യാകാൻ ശ്രമിച്ച് മുഖ്യമന്ത്രി ഒടുവിൽ അതിലെ പ്രതിനായകനായ ‘ബോബി’യായി മാറിയെന്നും, സംസ്ഥാനത്തെ എല്ലാം വിറ്റ് മുടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചിന്ത ജെറോം ആരോപിച്ചു. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ വിവാദ യാത്രയുടെ സ്പോൺസർ ‘ചിപ്സൺ ഏവിയേഷൻ’ ആണെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.
ചിന്ത ജെറോമിന്റെ പ്രധാന ആരോപണങ്ങൾ:
- ദുരൂഹതയും ധാർഷ്ട്യവും: കാര്യങ്ങൾ സുതാര്യമാണെങ്കിൽ സ്പോൺസറുടെ പേര് വെളിപ്പെടുത്താൻ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നത്? ഈ ഒളിച്ചുവെക്കലിന് പിന്നിൽ വലിയ ദുരൂഹതകളുണ്ട്. പൊതുസമൂഹത്തിൽ നിന്ന് ചോദ്യമുയരുമ്പോൾ മറുപടി നൽകാൻ പൊതുപ്രവർത്തകർ ബാധ്യസ്ഥരാണ്. വ്യാജ ഇമേജുകൾക്ക് പിന്നിലെ മുഖ്യമന്ത്രിയുടെ യഥാർത്ഥ ധാർഷ്ട്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.
- വഴിവിട്ട ഇടപാടുകൾ: സർക്കാരുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കിക്കിട്ടാനുള്ള ചിപ്സൻ ഏവിയേഷന്റെ ഫയൽ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിയിൽ നിന്ന് ലക്ഷങ്ങളുടെ സൗജന്യം കൈപ്പറ്റുന്നത് വഴിവിട്ട സഹായങ്ങൾക്കും പ്രതിബദ്ധതകൾക്കും വഴിവെക്കും. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പുറത്തുവന്ന അഴിമതികൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
അതേസമയം, മലപ്പുറത്തേക്കുള്ള വിമാനയാത്രയ്ക്കായി 19.88 ലക്ഷം രൂപയാണ് ചെലവായതെന്ന് വിമാന ഉടമകളായ കേളചന്ദ്ര ഗ്രൂപ്പ് നൽകിയ ഇൻവോയ്സ് വ്യക്തമാക്കുന്നു. ഈ യാത്രാച്ചെലവ് പൂർണ്ണമായും വഹിച്ചത് ചിപ്സൺ ഏവിയേഷനാണ്. എന്നാൽ, മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർ ചെയ്തതും തങ്ങളുടെ സർക്കാർ കരാർ പുതുക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചിപ്സൺ ഏവിയേഷൻ അധികൃതർ നൽകുന്ന വിശദീകരണം.




+ There are no comments
Add yours