തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരത്തിലേക്ക്

Estimated read time 1 min read

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷനെടുത്ത സുപ്രധാന തീരുമാനങ്ങളിൽ 14 തവണയാണ് മറ്റ് രണ്ട് കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങളിലടക്കം ഈ ഭിന്നത പ്രകടമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് രാജി ആവശ്യവുമായി രംഗത്തെത്തിയത്. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഗ്യാനേഷ് കുമാറിനെ ‘ഇന്ത്യയുടെ ശത്രു’ എന്ന് വിശേഷിപ്പിച്ച കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) തങ്ങളുടെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വസതിയിൽ വെച്ച് അഭിജിത് ദീപകെയുടെ നേതൃത്വത്തിൽ പാർട്ടി വാർത്താസമ്മേളനം നടത്തും.

അതേസമയം, കമ്മീഷനുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പൂർണ്ണമായും തള്ളി. എസ്.ഐ.ആർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും കമ്മീഷൻ ഒറ്റക്കെട്ടായാണ് തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും, അന്തിമ തീരുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ചർച്ചകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും നിർദ്ദേശങ്ങളും മാത്രമാണ് ഇതെന്നുമാണ് കമ്മീഷൻ നൽകുന്ന വിശദീകരണം.

+ There are no comments

Add yours