ആറാട്ടുപുഴ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 15ന്ഇല്ലംനിറ 16ന്…

Estimated read time 1 min read

ആറാട്ടുപുഴ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം 15ന്
ഇല്ലംനിറ 16ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആഗസ്റ്റ് 15 നും ഇല്ലം നിറ 16നുമാണ്.

മഹാഗണപതി ഹോമം

വെളുപ്പിന് 5 മണിക്ക് ക്ഷേത്ര വലിയമ്പലത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ആരംഭിക്കും. കൊട്ടത്തേങ്ങ , ശര്‍ക്കര, അവില്‍, മലര്‍, തേന്‍, എള്ള്, നെയ്യ്, കദളിപ്പഴം, കരിമ്പ്, ഗണപതി നാരങ്ങ എന്നിവയുടെ കൂട്ടും അപ്പവും അടയും വിഘ്നേശ്വരന് ഹോമിക്കുകയും നിവേദിക്കുകയും ചെയ്യും.

മഹാഗണപതിഹോമത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെളുപ്പിന് 5ന് ചുറ്റുവിളക്ക്, വിശേഷാല്‍ നിറമാല, പ്രത്യേക പൂജകള്‍, ശ്രീലകത്ത് നെയ് വിളക്ക്, ശാസ്താവിന് അട നിവേദ്യം എന്നിവയുമുണ്ടാകും.
തന്ത്രി കെ.പി കൃഷ്ണന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികനാകും.

ഇല്ലംനിറ 16ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്റ്റ് 16 ഞായറാഴ്ച നടത്തും.

രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിക്കും.

ലക്ഷ്മിപൂജയുടെ മദ്ധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാഥത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.

ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.

പ്രസാദമായി ലഭിക്കുന്ന കതിരുകൾ സ്വന്തം ഗൃഹങ്ങളിൽ നിലവിളക്കിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രം മേൽശാന്തിമാരായ മൂഢമoത്തിൽ രാമൻ എമ്പ്രാന്തിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ ഇല്ലംനിറക്ക് നേതൃത്വം നൽകും.

+ There are no comments

Add yours