സീചെം ട്രോഫി: തുടരെയുള്ള അഞ്ചാം വിജയവുമായി കേരളം ഫൈനലിൽ
പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ഫൈനലിൽ കടന്നു. ചണ്ഡീഗഢിനെ 99 റൺസിന് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് 18.1 ഓവറിൽ 58 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 44 റൺസെടുത്ത വൈഷ്ണ എം പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. എ അക്ഷയ 20 പന്തുകളിൽ നിന്ന് 32 റൺസും സജന സജീവൻ 17 പന്തുകളിൽ നിന്ന് 30 റൺസും നേടി. ആശ ശോഭന 11-ഉം സായൂജ്യ കെ എസ് ഒൻപതും റൺസുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. നാല് ഓവറിൽ വെറും ഒരു റൺ മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീന്റെ തകർപ്പൻ പ്രകടനമാണ് കേരള ബൗളിങ് നിരയിൽ ശ്രദ്ധേയമായത്. നിയ നസ്നീൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. സൂര്യ സുകുമാർ, ആശ ശോഭന എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.







+ There are no comments
Add yours