തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി; അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ചെന്ന കേസിൽ നടപടി ശക്തമാക്കി പൊലീസ്
കൊച്ചി : യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. എറണാകുളം റൂറൽ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനൽ പ്രവർത്തനരഹിതമാക്കിയത്.
സംഭവത്തിൽ നിഹാദിനെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സുഹൃത്തുക്കളുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ പ്രചരിപ്പിച്ചതാണ് കേസിന് ആധാരമായതെന്നും പൊലീസ് വ്യക്തമാക്കുന്നു.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് തൊപ്പിയുടെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും അവയിൽ പങ്കുവെച്ച ഉള്ളടക്കങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിച്ചത്.
അതേസമയം, കേസിൽ തൊപ്പി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. പ്രതിക്കെതിരായ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ നടപടികൾ ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.







+ There are no comments
Add yours