‘തീരുമാനങ്ങളൊന്നും അറിയുന്നില്ല, മുന്നണിയിൽ കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ പരസ്യ അതൃപ്തിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്

Estimated read time 0 min read

തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് മുന്നണി ചെയർമാനായ വി.ഡി. സതീശനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കൺവീനർ അടൂർ പ്രകാശ് എം.പി. യു.ഡി.എഫിൽ ഒരു കാര്യത്തിലും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും, കൺവീനർ എന്ന നിലയിൽ താൻ പല തീരുമാനങ്ങളും അറിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

മുന്നണി യോഗം വിളിക്കാൻ ചെയർമാൻ മുൻകൈ എടുക്കാത്തതുകൊണ്ടാണ് ഇപ്പോൾ യോഗങ്ങൾ നടക്കാത്തത്. യോഗം വിളിക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെ മാത്രമേ അത് സാധിക്കൂ. ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ചെവിയിൽ പോയി പറയേണ്ട കാര്യമില്ല. ഉപതെരഞ്ഞെടുപ്പിലുൾപ്പെടെ മുന്നണിയിൽ വലിയ ഏകോപനമില്ലായ്മയുണ്ടായെന്നും നിരവധി വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതുണ്ടെന്നും അടൂർ പ്രകാശ് വിമർശിച്ചു.

എം.കെ. മുനീർ ഉൾപ്പെടെയുള്ളവർക്ക് പദവികൾ നൽകിയത് അർഹതപ്പെട്ടവർക്കായതിനാൽ അതിൽ യാതൊരു എതിർപ്പുമില്ല. എന്നാൽ, മുന്നണി കൺവീനർ എന്ന നിലയിൽ ഇത്തരം നിയമനങ്ങളൊന്നും താനുമായി ചർച്ച ചെയ്തിട്ടില്ല. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെ. യു.ഡി.എഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പോലും കൃത്യമായി മറുപടി പറയാൻ സാധിക്കാത്തതിൽ ഖേദമുണ്ട്. എ.ഐ.സി.സിയാണ് തന്നെ കൺവീനർ ചുമതല ഏൽപ്പിച്ചത്. അതിനാൽ നിലവിലെ ഈ അവഗണനയും അതൃപ്തിയും എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

+ There are no comments

Add yours