തിരുവനന്തപുരം: മുന്നണിയിൽ തീരുമാനങ്ങളെടുക്കുന്നത് കൃത്യമായ കൂടിയാലോചനകളിലൂടെയാണെന്നും മറ്റ് കാര്യങ്ങൾ യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ടവർ നോക്കിക്കൊള്ളുമെന്നും വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോഴല്ല, മറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി കൃത്യമായി മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോർഡ്-കോർപ്പറേഷൻ പദവികൾ നൽകിയത് താനറിയാതെയാണെന്നും മുന്നണിയിൽ യാതൊരു കൂടിയാലോചനകളും നടക്കുന്നില്ലെന്നും അടൂർ പ്രകാശ് നേരത്തെ തുറന്നടിച്ചിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മയും മുഖ്യമന്ത്രിയുടെ വിമാനയാത്ര സംബന്ധിച്ച വിഷയങ്ങളും വൈദ്യുതി പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം അവഗണനകളിലുള്ള തന്റെ അതൃപ്തി എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, തലസ്ഥാനത്ത് അടുത്തിടെ നടന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുമ്പോൾ എസ്.എഫ്.ഐ എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് ചോദിച്ച അദ്ദേഹം, വിദ്യാർത്ഥികൾ സമരക്കാർക്ക് നേരെ ബിയർ കുപ്പികൾ വലിച്ചെറിയുകയാണെന്നും കുറ്റപ്പെടുത്തി. മന്ത്രി ഒ.ജെ. ജനീഷിന് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണം തികച്ചും ജനാധിപത്യവിരുദ്ധമാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിൽ വിദ്യാർത്ഥികളല്ലാത്തവർ അനധികൃതമായി താമസിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.




+ There are no comments
Add yours