കൊച്ചി: ചെക്ക് കേസിൽ മൂന്നര വർഷം തടവുശിക്ഷ ലഭിച്ച പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. ഈ വിഷയത്തിൽ കാലതാമസം കൂടാതെ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് കോടതി നിർദേശം നൽകി. ഇനി ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെങ്കിൽ ഹർജി അവിടേക്ക് കൈമാറണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാസി വ്യവസായി ദിനേശ് മേനോനാണ് കോടതിയെ സമീപിച്ചത്. നാല് കേസുകളിലായി കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും കോടതി വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മിഷനും നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്ന് കാണിച്ച് സ്പീക്കർ വിജ്ഞാപനം ഇറക്കണമെന്നും, ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാന ആവശ്യം.
അതേസമയം, ദിനേശ് മേനോൻ നൽകിയ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി മാണി സി. കാപ്പൻ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി വിഷയം സ്പീക്കറുടെ പരിഗണനയ്ക്ക് വിട്ടത്.




+ There are no comments
Add yours