തിരുവനന്തപുരം: കണ്ണൂരിൽ വെച്ച് കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണശ്രമത്തെ ശക്തമായി അപലപിച്ച് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുകയും കാറിലുണ്ടായിരുന്ന ദേശീയപതാക നശിപ്പിക്കുകയും ചെയ്തത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് അവർ വ്യക്തമാക്കി. അഞ്ചിടങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനം തടയാനും ആക്രമിക്കാനുമുള്ള ശ്രമങ്ങളുണ്ടായത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അവർ പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിലെ മന്ത്രിക്കെതിരെ ഇത്തരം സംഘടിത അക്രമങ്ങൾ അഴിച്ചുവിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് ജനാധിപത്യ മാർഗങ്ങളിലൂടെയാണ്. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കേരളത്തിന് അപമാനകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. മന്ത്രിമാർക്ക് നേരെ നിരന്തരമായി അക്രമങ്ങൾ നടത്തി നാടിന്റെ സമാധാനം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ ബന്ധപ്പെട്ട നേതാക്കൾ തയ്യാറാകണമെന്നും മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.




+ There are no comments
Add yours