കൊല്ലം: നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം. ഫ്ലെക്സ് വലിച്ചുകീറിയ വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാൾ എസ്.എഫ്.ഐയുടെ ഒരു ഘടകത്തിലും അംഗമല്ലെന്നും ജില്ലാ സെക്രട്ടറി എസ്. വിഷ്ണു വ്യക്തമാക്കി.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് നടത്തിയ മാർച്ചിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രകടനമായി വന്ന സംഘത്തിൽ നിന്നും ഓടിയെത്തിയ ഒരാൾ റോഡിലെ മീഡിയനിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് വലിച്ചുകീറുകയായിരുന്നു. കോടിയേരിയുടെ നാലാം ചരമവാർഷികത്തിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. ‘കോടിയേരിയുടെ ഫ്ലെക്സാണോ കീറിയത്, മാറിപ്പോയോ’ എന്ന് ആൾക്കൂട്ടത്തിൽ നിന്നൊരാൾ ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായി കേൾക്കാം.
കോടിയേരിയുടെ ഫ്ലെക്സ് നശിപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, ഏത് സാഹചര്യത്തിലാണ് ഇയാൾ ബോർഡ് നശിപ്പിച്ചതെന്ന് പരിശോധിക്കുമെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു. സംഭവത്തിൽ സംഘടനാ തലത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.




+ There are no comments
Add yours