ഗുരുവായൂർ:ഗുരുവായൂരിൽ വയോധികയെ കിണറ്റിൽ കെട്ടിതൂക്കിയ സംഭവത്തിൽ പ്രതി പിടിയിൽ.ടൗൺ ജുമാമസ്‌ജിദ് റോഡിൽ കർണംകോട് റെയിൽവേ ഗേറ്റിന് സമീപമുള്ള
വാടകവീട്ടിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശിയായ സുരേഷ് കുമാർ എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെയാണ്
ഗുരുവായൂരിനെ നടുക്കിയ മരണവാർത്ത പുറത്തുവരുന്നത്. ടൗൺ ജുമാമസ്‌ജിദ് റോഡിൽ കർണംകോട് റെയിൽവേ ഗേറ്റിന് സമീപമുള്ള ഒരു വാടകവീട്ടിലെ കിണറ്റിൽ 65 വയസ്സുള്ള വയോധികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണപ്പെട്ടത് തൃശൂർ ചേലക്കര സ്വദേശിനിയായ സന്താനവല്ലിയാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്.സംഭവത്തിന്റെ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു.ലഭ്യമായ വിവരങ്ങൾ പ്രകാരം, സുരേഷ് കുമാർ ഒരു സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ഈ സംഭവത്തെക്കുറിച്ച് പറയുകയും ഇതിൽ സംശയം തോന്നിയ സുഹൃത്ത് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ, സുരേഷ് കുമാർ സന്താനവല്ലിയെ ദേഹോപദ്രവം ചെയ്യുകയും ശാരീരകബന്ധത്തിൽ ഏർപ്പെട്ടതായും സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങൾ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ളതാണെന്നും അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.ഇത് അപകടമരണമാണോ, ആത്മഹത്യയാണോ, അതോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സമീപവാസികളിൽ നിന്ന് മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഈ ദുരൂഹ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഗുരുവായൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.








+ There are no comments
Add yours