തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതികളില്‍ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു…

Estimated read time 1 min read

തിരുവനന്തപുരത്തെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതികളില്‍ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.

ചാവടിനട സ്വദേശിയായ ഐശ്വര്യയാണ് മരിച്ചത്. വിഷം കലർത്തിയ പാനീയം കുടിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്.

ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരി വെണ്ണിയൂർ സ്വദേശി അഞ്ജു ഞായറാഴ്ച മരിച്ചിരുന്നു. ഇവരുടെ ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷമാണ് അഞ്ജു ജീവനൊടുക്കിയത്.
സംഭവത്തില്‍ യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം രാജ്യംവിട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവില്‍ നിന്ന് 20 ലക്ഷം രൂപയും ഐശ്വര്യയില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും സിന്ധു വാങ്ങിയിരുന്നു.

വെങ്ങാനൂര്‍ അമരവിളയിലുളള സൂര്യാ ഫിനാന്‍സിലെ ജീവനക്കാരാണ് ഇരുവരും.അഞ്ജുവില്‍ നിന്ന് 20 പവന്‍ തട്ടിയെടുത്ത സിന്ധു അത് മറ്റൊരു സ്വര്‍ണ പണയ സ്ഥാപനത്തിലേക്ക് മറിച്ചുവിറ്റ ശേഷം അമേരിക്കയിലേക്ക് കടന്നുകളയുകയായിരുന്നു.ജൂണ്‍ 30-ന് വൈകിട്ടായിരുന്നു സംഭവം. ഇരുവരും ചേർന്ന് വിഴിഞ്ഞത്തെ ജൂസ് കടയില്‍ നിന്നു പാനീയം വാങ്ങി വിഷംകലർത്തി കുടിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

മച്ചേലിലെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സിന്ധുകുമാരിക്കെതിരെ ഇതുവരെ 10 പരാതികള്‍ ലഭിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സാമ്പത്തിക ഇടപാടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഫോണ്‍വിളി വിവരങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കുമെന്നും എസ്‌എച്ച്‌ഒ അറിയിച്ചു.

+ There are no comments

Add yours