*ആറാട്ടുപുഴ പൂരം കൊടിയേറ്റം ഏപ്രിൽ 3ന്*
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ഏപ്രിൽ 3ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ളിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർമേക്കാട്ട് വിനോദ് നമ്പൂതിരി, ജയൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.
വൈകുന്നേരം 4ന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോകുന്നത്. അവിടെ നിന്നും അത്യുത്സാഹപൂർവ്വം ആർപ്പും കുരവയുമായി കൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. ശാസ്താവിന്റെ നിലപാടുതറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കുക. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിക്കും. കൊടികയ്യിൽ കൊടിക്കൂറ അലങ്കരിച്ച ശേഷം കൊടിമരം 8.30 ന് ദേശക്കാരാണ് ഉയർത്തുന്നത്. തുടർന്ന് ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിക്കുന്ന ചടങ്ങാണ്.
ഗോപുരനടയിൽ നിന്നും വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗത്തെ കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ പൂരപ്പാടത്തുളള ഏഴുകണ്ടം അതിർത്തി വരെ ആനയിക്കും. അവിടെ വെച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കും. തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങും.
തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിക്കും. ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ 2 നാളികേരം ഉടച്ചു വെക്കും. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് “ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ ” എന്നും “സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ ” എന്നും 3 തവണ ചോദിക്കും. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് “ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ” എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിക്കും. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെക്കുന്നതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിക്കും.
മതിൽക്കെട്ടിനുപുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം എന്ന ചടങ്ങാണ് പിന്നീട്. ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണ കുറുപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിക്കുന്നത്. കരിമ്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത് . ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത് .വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് ‘തിരുവായുധം’ പൊൻകാവിതേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത് . ശാസ്താവ് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായി തിരുവായുധം ഉണ്ടായിരിക്കും.
ഈ സമയം ക്ഷേത്രത്തിനകത്ത് നവകം ,ശ്രീഭൂതബലി തുടങ്ങിയ താന്ത്രികച്ചടങ്ങുകൾ ആരംഭിക്കും .
കൊടിക്കുത്തുവരെ എല്ലാ ദിവസവും ശ്രീഭൂതബലി ,കേളി ,കൊമ്പുപറ്റ് , കുഴൽപറ്റ് ,സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.
ആറാട്ടുപുഴ പൂരം കൊടിയേറ്റം ഏപ്രിൽ 3ന്

+ There are no comments
Add yours