ബീജിങ്: ചൈനയിലെ വടക്കൻ പ്രവിശ്യയായ ഷാൻക്സിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഷാൻക്സിയുടെ തലസ്ഥാനമായ തായ്യുവാൻ നഗരത്തിലെ 40 നിലകളുള്ള ബഹുനില കെട്ടിടത്തിലാണ് നാടിനെ നടുക്കിയ വൻ ദുരന്തമുണ്ടായത്.
നാലാം നിലയിൽ നിന്നാരംഭിച്ച തീ ഒമ്പതാം നില വരെ പടർന്നു
കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ ആരംഭിച്ച തീ അതിവേഗം മുകളിലേക്കും പടർന്നു പിടിക്കുകയായിരുന്നു. നാല് മുതൽ ഒമ്പത് വരെയുള്ള നിലകളെ തീപിടിത്തം രൂക്ഷമായി ബാധിച്ചു. നിരവധി ഹോട്ടലുകൾ, വാടക അപ്പാർട്ട്മെന്റുകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങി മറ്റ് ഒട്ടേറെ ചെറുകിട സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഇതാണ് ആളപായം വർദ്ധിക്കാൻ കാരണമായത്.
ചികിത്സയിലുള്ളവരിൽ പലരും ഗുരുതരാവസ്ഥയിൽ
തീപിടിത്തത്തിൽ പരുക്കേറ്റ 25 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഒമ്പത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടസ്ഥലത്ത് നിന്ന് ആകെ 38 പേരെയാണ് രക്ഷാപ്രവർത്തകർ ആശുപത്രികളിലേക്ക് മാറ്റിയത്.
രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം
അപകടവിവരമറിഞ്ഞ ഉടൻ തന്നെ വലിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് കെട്ടിടത്തിലെ തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഞായറാഴ്ച രാത്രി 8:30-ഓടെയാണ് കെട്ടിടത്തിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായത്. അതേസമയം, കെട്ടിടത്തിൽ തീപിടിത്തമുണ്ടാകാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെന്നും, ഇതിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.




+ There are no comments
Add yours