തിരുവനന്തപുരം: ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന തിരുവനന്തപുരം ആറ്റുകാൽ പൊങ്കാല ദിനത്തിൽ തന്നെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയും പ്രഖ്യാപിച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഫെബ്രുവരി 22-ന് നടക്കുന്ന പൊങ്കാല ദിനത്തിൽ തന്നെയാണ് സി.ബി.എസ്.ഇ പത്താം ക്ലാസിലെ സയൻസ് പരീക്ഷയും ബോർഡ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാ സമയം.
നഗരം പൊങ്കാലച്ചൂടിൽ; യാത്രാവഴിയടയും
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും പൂർണ്ണമായും ഉത്സവലഹരിയിലാകും. പൊങ്കാലയ്ക്കായി മറ്റ് ജില്ലകളിൽ നിന്നുപോലും ആയിരക്കണക്കിന് ഭക്തർ തലസ്ഥാനത്തേക്ക് എത്തുന്നതോടെ വലിയ തോതിലുള്ള ഗതാഗത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തുക. പ്രധാന റോഡുകളെല്ലാം പൊങ്കാല അടുപ്പുകൾക്കായി അടച്ചിടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കുമോ എന്നതാണ് പ്രധാന വെല്ലുവിളി.
സമ്മർദ്ദമേറുന്നു; പരീക്ഷാ തീയതി മാറ്റണം
യാത്രാ തടസ്സങ്ങൾ പരീക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും, പരീക്ഷയുടെ സ്വാഭാവിക ടെൻഷനൊപ്പം കൃത്യസമയത്ത് എത്തിച്ചേരുകയെന്നത് വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും രക്ഷിതാക്കൾ പറയുന്നു. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും സ്തംഭിക്കുന്ന തലസ്ഥാനത്തെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച്, പത്താം ക്ലാസിലെ സയൻസ് പരീക്ഷാ തീയതി അടിയന്തരമായി പുനഃക്രമീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.




+ There are no comments
Add yours