എൽ.പി.എസ്.ടി സമരത്തോട് സർക്കാരിന്റെ പ്രതികാര നടപടി; പന്തൽ പൊളിച്ചുമാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് പോലീസ് നോട്ടീസ്, ചികിത്സ നിഷേധിച്ച് സമരം കടുപ്പിച്ച് ഉദ്യോഗാർത്ഥികൾ

Estimated read time 1 min read

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൽ.പി.എസ്.ടി (LPST) ഉദ്യോഗാർത്ഥികളുടെ സമരത്തിന് നേരെ യു.ഡി.എഫ് സർക്കാരിന്റെ കടുത്ത പ്രതികാര നടപടി. അടിയന്തരമായി സമരപ്പന്തലും ഫ്ലക്സുകളും ഉച്ചഭാഷിണിയും മാറ്റിയില്ലെങ്കിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

നേരത്തെയും കേസ്, വീണ്ടും നോട്ടീസ്

സമരപ്പന്തൽ പൊളിച്ചുമാറ്റാൻ ഈ മാസം ഏഴാം തീയതി തന്നെ പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് വഴങ്ങാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന് നേതൃത്വം നൽകുന്ന വളർമതിക്കും മറ്റ് ഉദ്യോഗാർത്ഥികൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നോട്ടീസ് നൽകി വീണ്ടും ഭീഷണിപ്പെടുത്തുന്നത്.

ചികിത്സയോട് സഹകരിക്കില്ല; സമരം കടുപ്പിക്കുന്നു

പോലീസ് നടപടികൾ കടുപ്പിക്കുന്നതിനിടെ, ഉദ്യോഗാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കുകയാണ്. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇന്നുമുതൽ യാതൊരുവിധ വൈദ്യപരിശോധനയോടും ചികിത്സയോടും സഹകരിക്കില്ലെന്ന് നിരാഹാരം കിടക്കുന്ന വളർമതി വ്യക്തമാക്കി. ശരീരത്തിലേക്ക് ഡ്രിപ്പ് പോലും കയറ്റാൻ കഴിയാത്തത്ര മോശം അവസ്ഥയിലാണ് അവർ സമരം തുടരുന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതുവരെ വിഷയത്തിൽ യാതൊരുവിധ പരിഹാരവും കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ഇനിയൊരു ചർച്ചയ്ക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ

ഭക്ഷണം പോലുമില്ലാതെ ആഴ്ചകളായി രാവും പകലും മഴയും വെയിലുമേറ്റ് റോഡിൽ കിടന്ന് സമരം ചെയ്യുന്ന ഒരു സ്ത്രീയോട് തികച്ചും മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് ഇനിയൊരു ചർച്ചയ്ക്ക് പോകേണ്ടതില്ലെന്നാണ് സമരക്കാരുടെ തീരുമാനം. വിവിധ ജില്ലകളിൽ ഒന്നാം റാങ്കുകാർ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോഴും നിയമനം ലഭിക്കാതെ പുറത്തുനിൽക്കുമ്പോഴാണ് സർക്കാരിന്റെ ഈ അവഗണന.

+ There are no comments

Add yours