മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശം അയച്ചതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്ത്
സ്പാർക്കിൽ നിന്നും ജീവനക്കാരുടെ ഡാറ്റാ മോഷണം നടത്തി മുഖ്യമന്ത്രിയുടെ പേരിൽ നൽകുന്ന സന്ദേശം ചട്ടലംഘനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും എൻജീഒ അസോസിയേഷൻ
അവകാശപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നത് സൗജന്യ കിറ്റ് മാതൃകയിലെ സർക്കാരിൻ്റെ ഔദാര്യമാണെന്ന നിലയ്ക്ക് ജീവനക്കാർക്ക് മുഖ്യമന്ത്രിയുടെ പേരിൽ വ്യക്തിപരമായി നൽകിയിരിക്കുന്ന സന്ദേശം അൽപ്പത്തരവും തരംതാണ രാഷ്ട്രീയ നാടകവുമാണെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർഖാനും ജനറൽ സെക്രട്ടറി എ.പി.സുനിലും പറഞ്ഞു.
ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായി സ്പാർക്കിന് നൽകിയിട്ടുള്ള വ്യക്തിഗത ഫോൺ നമ്പർ, പേര്, മറ്റു വിവരങ്ങൾ എന്നിവ അവരുടെ അനുമതി കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് തികച്ചും ചട്ടവിരുദ്ധമാണ്. സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ ഔദ്യോഗിക കൃത്യ നിർവഹണത്തിനായി മേലുദ്യോഗസ്ഥർക്കും വേതന നിർണയ വിതരണ മേലധികാരികൾക്കും ഫിനാൻസ് വകുപ്പിലെ സ്പാർക്ക് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനും പിഎം യുവിനും മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഓഫിസിന് ഈ വിവരങ്ങൾ എവിടെനിന്നും കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നവർ ആവശ്യപ്പെട്ടു
ഡിഎ കുടിശിക അനുവദിച്ചതിനു പിന്നാലെയാണ് സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സന്ദേശം വന്നത്. ജീവനക്കാരെ പേര് പറഞ്ഞ് അഭിസംബോധന ചെയ്താണ് സന്ദേശം വന്നിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണെന്നും ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആർ സർക്കാർ പൂർണമായും അനുവദിച്ചിരിക്കുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.

+ There are no comments
Add yours