ശബരിമല വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം; ബുക്കിംഗിന് ഇനി ആധാർ ഒ.ടി.പി നിർബന്ധമാക്കും

Estimated read time 1 min read

പത്തനംതിട്ട: വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ശബരിമലയിൽ ദർശനത്തിനെത്താത്തവരെ കേന്ദ്രീകരിച്ച് പോലീസും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. ബുക്കിംഗ് വിവരങ്ങൾ തേടി പമ്പ പോലീസ് ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. സൈബർ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയാണ് ദേവസ്വം വിജിലൻസിന്റെ പരിശോധന. ഇന്നലെ മാത്രം വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും 23,714 പേർ ദർശനത്തിന് എത്തിയില്ല.

വെർച്വൽ ക്യൂ സംവിധാനത്തിൽ അടിമുടി മാറ്റം

ബുക്കിംഗിലെ ദുരൂഹതകൾ നീക്കുന്നതിനായി, ബുക്ക് ചെയ്ത ശേഷം ദർശനത്തിന് എത്താതിരുന്നാൽ ഈ മണ്ഡലകാലത്ത് തുടർബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെ വെർച്വൽ ക്യൂ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താനും നീക്കമുണ്ട്. ഇനി മുതൽ ബുക്കിംഗിന് ആധാർ മാത്രമായിരിക്കും ആധികാരിക രേഖ. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കുള്ള ഒ.ടി.പി (OTP) പരിശോധനയും നിർബന്ധമാക്കും. വിദേശ തീർത്ഥാടകർക്ക് മാത്രമാണ് പാസ്‌പോർട്ട് ഉപയോഗിക്കാൻ അനുമതി നൽകുക. ഡിസംബറിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.

തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്

അതിനിടെ, ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്. ആദ്യ ആറ് ദിവസങ്ങളിൽ കഴിഞ്ഞ വർഷം 5.10 ലക്ഷം പേർ എത്തിയ സ്ഥാനത്ത് ഇത്തവണ എത്തിയത് 2.71 ലക്ഷം പേർ മാത്രമാണ്. 2.38 ലക്ഷം തീർത്ഥാടകരുടെ (47 ശതമാനം) കുറവാണ് ഇക്കുറി ഉണ്ടായത്.

തീർത്ഥാടകർ കുറഞ്ഞതോടെ അരവണ വിൽപ്പനയും പകുതിയായി ഇടിഞ്ഞു. കഴിഞ്ഞ വർഷം 18 ലക്ഷം ടിൻ അരവണ വിറ്റ സ്ഥാനത്ത് ഇത്തവണ ഒൻപത് ലക്ഷം ടിൻ മാത്രമാണ് വിൽക്കാനായത്. ഇതിലൂടെ ഏകദേശം ഒൻപത് കോടി രൂപയുടെ വരുമാനക്കുറവുണ്ടായി. നടവരവ്, അപ്പം വിൽപ്പന, അന്നദാന ഫണ്ട് എന്നിവയിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

+ There are no comments

Add yours