കൊച്ചി: ഫോർട്ട് കൊച്ചിയിലെ പ്രമുഖ റെസ്റ്റോറന്റിൽ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഫോർട്ട് കൊച്ചിയിലെ കാൻവാസ് റെസ്റ്റോറന്റിലാണ് കഴിഞ്ഞ രാത്രി തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ജസ്റ്റിൻ എന്നയാളുടെ കൈയ്ക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
ജീവനക്കാരുടെ മുറികളിൽ നിന്നും തീ പടർന്നു
റസ്റ്റോറന്റിലെ ജീവനക്കാർ താമസിക്കുന്ന മുറികളിൽ നിന്നാണ് ആദ്യം തീ പടർന്നത്. അപകടവിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ ഇടപെടലിലൂടെയാണ് തീ അതിവേഗം നിയന്ത്രണ വിധേയമാക്കിയത്. മട്ടാഞ്ചേരി, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.
തുണയായി അഗ്നിസുരക്ഷാ സംവിധാനങ്ങൾ
തീപിടിത്തം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അഗ്നിസുരക്ഷാ സംവിധാനങ്ങൾ റെസ്റ്റോറൻ്റിൽ കൃത്യമായി പ്രവർത്തിച്ചിരുന്നത് തീ അതിവേഗം നിയന്ത്രിക്കുന്നതിനും വൻ ദുരന്തം ഒഴിവാക്കുന്നതിനും സഹായകമായി. അപകടത്തിൽ റെസ്റ്റോറന്റിലുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ അധികൃതർ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. നിലവിൽ പൊള്ളലേറ്റയാളുടെ നില തൃപ്തികരമാണ്.




+ There are no comments
Add yours