കൊടുങ്ങല്ലൂർ: വാഹനത്തിന് പിഴയുണ്ടെന്ന് വിശ്വസിപ്പിച്ച് മൊബൈൽ ഫോണിലേക്ക് വ്യാജ സന്ദേശമയച്ച് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. എടവിലങ്ങ് കാര സ്വദേശി പ്രബിനാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സംഭവത്തിൽ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് നടന്നത് ഇങ്ങനെ
പ്രബിന്റെ മൊബൈൽ ഫോണിലേക്ക് അദ്ദേഹം ഉപയോഗിക്കുന്ന ഇരുചക്രവാഹനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. ഗതാഗത വകുപ്പിന്റെ ഔദ്യോഗിക ആപ്പായ ‘എം-പരിവാഹൻ’ (mParivahan) എന്ന പേരിലായിരുന്നു സന്ദേശം വന്നത്. വാഹനത്തിന് പിഴയുണ്ടെന്നും ഇത് അടയ്ക്കുന്നതിനായി ഒപ്പം നൽകിയിട്ടുള്ള എ.പി.കെ (APK) ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണമെന്നും സന്ദേശത്തിൽ നിർദ്ദേശിച്ചിരുന്നു. യഥാർത്ഥ പിഴയാണെന്ന് വിശ്വസിച്ച് യുവാവ് ഈ ഫയൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു.
അക്കൗണ്ടിൽ നിന്ന് പണം ചോർന്നു
വ്യാജ ഫയൽ ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെ പ്രബിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കി. തുടർന്ന് നവംബർ 12, 13 തീയതികളിലായി യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 3.16 ലക്ഷം രൂപ പല തവണകളായി നഷ്ടപ്പെടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് പണം ചോർന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പ്രബിൻ പോലീസിനെ സമീപിച്ചു. അറിയപ്പെടാത്ത നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം വ്യാജ എ.പി.കെ ഫയലുകളോ ലിങ്കുകളോ യാതൊരു കാരണവശാലും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




+ There are no comments
Add yours