തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ത്യൻ ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും, അദ്ദേഹം ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ചതിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും സത്യസന്ധതയും നിഷ്പക്ഷതയും തകർത്ത്, സ്ഥാപനത്തിന്റെ വിശ്വാസ്യതയെ അദ്ദേഹം ബി.ജെ.പിക്ക് അടിയറവു വെച്ചു. പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ സ്ഥാപനത്തെ സംഘപരിവാറിന്റെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുത്ത ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. രാഹുൽ ഗാന്ധി മുൻപ് ഉന്നയിച്ച വിമർശനങ്ങൾ അടിവരയിടുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ. ഇത്തരമൊരു വ്യക്തി ഉയർന്ന ഭരണഘടനാ പദവിയിൽ ഒരു നിമിഷം പോലും തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ഗുരുതരമായി അപകടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.




+ There are no comments
Add yours