ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ഭീകരവാദം ശീലമാക്കിയവർ അതിനെ സാധാരണവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണയ്ക്ക് അവർ ഭാവിയിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കണമെന്നും, ഭീകരവാദത്തെ സഹായിക്കുന്ന സാമ്പത്തിക ശൃംഖലകൾ പൂർണ്ണമായും തകർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എൻ പൊതുസഭയിൽ പാകിസ്താന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്നതിനെതിരെ ജയശങ്കർ വിമർശനം ഉന്നയിച്ചത്. ഇതിനുപുറമെ, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും അദ്ദേഹം സഭയെ അറിയിച്ചു.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന വാർത്താസമ്മേളനത്തിലും പാകിസ്താന് മന്ത്രി കടുത്ത ഭാഷയിൽ മറുപടി നൽകിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ ചോദ്യം ഉന്നയിച്ച പാക് മാധ്യമപ്രവർത്തകനോട്, ‘ഒരു ഭീകരരാജ്യമാണോ തന്നോട് ചോദ്യം ചോദിക്കുന്നത്’ എന്നായിരുന്നു എസ്. ജയശങ്കറിന്റെ തിരിച്ചടി.




+ There are no comments
Add yours